കോട്ടയം: പാർക്കിങ്ങിനെ ചൊല്ലി ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശ്ശേരിൽ വീട്ടിൽ അരുൺ സക്കറിയ (31), ഇയാളുടെ സഹോദരൻ ബ്രിജിത്ത് സക്കറിയ (35) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12:30 മണിയോടുകൂടി പുതുപ്പള്ളി ഏറികാട് ഭാഗത്തുള്ള യുവാവിനെയും, സുഹൃത്തുക്കളെയും കട്ടിംഗ് കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇവർ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കളക്ടറേറ്റിന് സമീപത്തുള്ള ചിൽഡ്രൻസ് പാർക്കിന് സമീപം ഇവരുടെ വീടിനു മുൻവശത്തായി യുവാക്കള്‍ വെൽഡിങ് ആവശ്യങ്ങൾക്കായി കൊണ്ടുവന്ന വാഹനവും ഇരുമ്പ് സ്ക്വയർ പൈപ്പുകളും കൊണ്ടുവന്നിട്ടതിനാൽ ഇവരുടെ വാഹനം എടുക്കുന്നതിന് തടസ്സം നേരിട്ടതിനെ തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ യുവാക്കളെ മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കട്ടിങ് കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇരുവരെയും പിടികൂടുകയുമായിരുന്നു. അരുൺ സക്കറിയക്ക് കുമരകം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജു പി.എസ്, എസ്.ഐ മാരായ അരുൺ കുമാർ, അനിൽകുമാർ, സി.പി.ഓ മാരായ യേശുദാസ്, ഗിരീഷ് കുമാർ,അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.