ഇടുക്കി: ഇടുക്കി ജില്ലയിൽ കാട്ടാന ഭീഷണി ഒഴിയുന്നില്ല. മൂന്നാറിൽ വീണ്ടും കാട്ടാന കൂട്ടത്തോടെയെത്തി ഭീതി പരത്തി. മൂന്നാറിലെ സെവൻ മല പാർവതി ഡിവിഷനിലാണ് കാട്ടാന കൂട്ടത്തോടെ എത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളെല്ലാം കാട്ടാനയെ കണ്ട് പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എസ്റ്റേറ്റിലെ പാർവതി ഡിവിഷനിൽ നാട്ടുകാർ കട്ട കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന എത്തി. നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും നാട്ടുകാർ കടുത്ത പരിഭ്രാന്തിയിലാണ്.
ജനവാസമേഖലയുടെ അടുത്തേക്ക് എത്തിയ കാട്ടാനയെ നാട്ടുകാർ തന്നെയാണ് പാട്ട കൊട്ടിയും ഒച്ചവെച്ചും തുരത്തിയത്. ഇതിനുശേഷമാണ് തോട്ടം തൊഴിലാളികൾ ജോലിക്കും കുട്ടികൾ സ്‌കൂളിലേക്കും പോയത്.