വൈപ്പിൻ : മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ് പരിവാർ നീക്കം ചെറുക്കപ്പെടേണ്ടതാണെന്നും സമവായത്തിലൂടെ വിഷയത്തിന് ശാശ്വത പരിഹാരം കാണണമെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്ത് വർഷങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും ന്യൂന പക്ഷ വിഭാഗങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും സംഘർഷം സൃഷ്ടിച്ചും സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള സംഘ പരിവാർ നീക്കം ചെറുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘപരിവാർ വ്യാജ പ്രചരണത്തിൻ്റെ അടിസ്ഥാനത്തിൽ പല സംഘടനകളും നടത്തുന്ന പ്രചരണങ്ങൾ സമൂഹത്തിൽ വൻ വിപത്തിന് വഴിവയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹുജന സംഗമത്തിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ, ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് , സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ്കുമാർ , ഡിവിൻ കെ ദിനകരൻ, ആൽവിൻ സേവ്യർ, കെ ആർ പ്രതീഷ്, ഡയസ്റ്റിസ് കോമത്ത്, രഞ്ജിത്ത് വി.എസ്., , കെ.പി. വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു.