മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തത്കാലത്തേയ്ക്ക് മരവിപ്പിച്ചതായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനം നിയമ പ്രകാരം ആണെന്നും എൻക്വറി ആക്ട് പ്രകാരം തന്നെയാണ് സർക്കാർ കമ്മിഷൻ രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് സർക്കാർ തന്നെ പറയുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 10 മുതൽ മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ ഹിയറിംഗ് ആരംഭിച്ചിരുന്നു. ആദ്യ ദിവസം ഫറൂഖ് കോളേജ്, മുനമ്പം ഭൂ സംരക്ഷണ സമിതി, വഖഫ് സംരക്ഷണ സമിതി എന്നിവരുടെ വാദങ്ങൾ കമ്മീഷൻ കേട്ടു. കേസിൽ സങ്കീർണമായ നിയമ പ്രശ്നമാണുള്ളതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞിരുന്നു.
ഹിയറിങ്ങിന് ദിവസങ്ങൾക്ക് മുമ്പ് ജുഡീഷ്യല്‍ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ മുനമ്പം സന്ദര്‍ശിച്ചിരുന്നു. മുനമ്പത്ത് പള്ളി പാരിഷ് ഹാളില്‍ വെച്ച് കമ്മീഷന് പ്രദേശവാസികളുമായി സംസാരിച്ചു. ഫെബ്രുവരിയില്‍ സിറ്റിംഗ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന് അന്ന് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കമ്മിഷന് വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളേജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോട് നിലപാട് അറിയിക്കാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മീഷനെ അറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയപരിധിയാണ് നല്‍കിയത്.