മുല്ലപ്പെരിയാർ ഡാമിന്റെ ശോചനീയവസ്ഥ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ. മുല്ലപ്പെരിയാർ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നേതൃത്വം നൽകിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലം ആകുമ്പോൾ ഓർമ്മിക്കുകയും വേനൽക്കാലം ആകുമ്പോൾ മറക്കുകയും ചെയ്യുന്ന ഒരു വിഷയം മാത്രമാണ് മുല്ലപ്പെരിയാർ. കഴിഞ്ഞ 26 വർഷമായി മുല്ലപ്പെരിയാർ ചർച്ച ചെയ്യുന്നു. ഇന്നുവരെയും ശാശ്വത പരിഹാരം നിർദ്ദേശിക്കുവാൻ ആർക്കും കഴിയുന്നില്ല. മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണം. തമിഴ്നാടിന് വെള്ളം ലഭ്യമാക്കണമെന്ന കാരണത്താൽ ലക്ഷക്കണക്കിന് ജീവനുകളെ നിസ്സാരമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. തമിഴ്നാടിന് കേരളം ജലം നൽകണമെന്നത് ഒരു തെറ്റായ വാദഗതിയാണ്. നിലവിൽ തമിഴ്നാട്ടിൽ നിരവധി അണക്കെട്ടുകൾ ഉണ്ട്. മധുര ജില്ലയിൽ തന്നെ ഉണ്ട്. എന്നിട്ടും കേരളത്തിൽ നിന്ന് ജലം കൊടുക്കണം എന്ന് പറയുന്നത് അംഗീകരിക്കുവാൻ കഴിയാത്ത വാദഗതി ആണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം വഞ്ചി സ്ക്വയറിൽ ആരംഭിച്ച ഏകദിന ഉപവാസത്തിൽ പ്രൊഫ. സി പി റോയ്, കെ എസ് സോമനാഥൻ, സി. ഐ . അബ്ദുൽ ജബ്ബാർ, കെ.കെ. ഷംസുദ്ധീൻ, നാദിർഷ കടായിക്കൽ, നൂർജഹാൻ, അഡ്വ: ഷാജി തെങ്ങുംപിള്ളിൽ,ഭാസ്കരൻ മാലിപ്പുറം, അഡ്വ: സൈപുദ്ധീൻ, സാബു മത്തായി, രാജു ജേക്കബ്, സി.കെ. ഗഫൂർ, സയ്യിദ് ഹാഷിർ, മധുകുമാർ കുളത്തൂർ എന്നിവർ സംസാരിച്ചു. എൻ സി പി ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.