മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസില്‍ അകപ്പെട്ട ജെസിബി മാറ്റി ;എസ്ഐയ്ക്ക് സസ്പെൻഷൻ

Kerala

കോഴിക്കോട്: കേസില്‍പ്പെട്ട ജെസിബി സ്റ്റേഷനില്‍നിന്ന് മാറ്റിയ കേസില്‍ എസ്.ഐയ്ക്ക് സസ്പെൻഷൻ. മുക്കം എസ്‌ഐ നൗഷാദിനെയാണ് സസ്പെൻഡ് ചെയതത്.മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസില്‍ അകപ്പെട്ട ജെസിബി മാറ്റി പകരം മറ്റൊന്ന് കൊണ്ടു വച്ച സംഭവത്തിലാണ് നടപടി.

അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയ ജെസിബിയാണ് സ്റ്റേഷനില്‍ നിന്ന് മാറ്റിയത്. പിടികൂടിയ ജെസിബിക്ക് രേഖകള്‍ ഇല്ലായിരുന്നു. ഇതിന് പകരം രേഖകളുള്ള മറ്റൊരു ജെസിബി സ്റ്റേഷൻ വളപ്പിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആറുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊടിയത്തൂര്‍ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡില്‍ സെപ്റ്റംബര്‍ 19നാണ് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികനായ തോട്ടുമുക്കം സ്വദേശി സുധീഷ് മരിച്ചിരുന്നു. ഇതോടെയാണ് ജെസിബി പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്.

എന്നാല്‍ ജെസിബി സ്റ്റേഷനില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച്‌ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതുകൂടാതെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുക്കം സ്റ്റേഷനിലെ എസ്‌ഐ നൗഷാദിന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *