മുഹമ്മ: ഓണം ആഘോഷിച്ചു ബംബർ കളക്ഷനുമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ. മുഹമ്മ- പാതിരാമണൽ സ്പെഷ്യൽ സർവീസാണ് കളക്ഷന് വർദ്ധനവിന് പ്രധാന കാരണം. പ്രതിദിനം 15000 ത്തോളം രൂപയാണ് മുഹമ്മ പാതിരാമണൽ ഉല്ലാസയാത്രയിൽ നിന്നും വകുപ്പിന് കളക്ഷനായി ലഭിക്കുന്നതെന് അധികൃതർ പറഞ്ഞു. മുഹമ്മയിൽ നിന്നും പുറപ്പെട്ടു പാതിരാമണലിൽ ഒരു മണിക്കൂർ സമയം നൽകി തിരികെ മുഹമ്മയിൽ സഞ്ചാരികളെ എത്തിക്കുകയാണ് സ്പെഷ്യൽ സർവീസ് ചെയ്യുന്നത്.
സാധാരണക്കാരായ നൂറുകണക്കിന് പേരാണ് കായൽ യാത്രയ്ക്കായി മുഹമ്മയിൽ എത്തുന്നത്. സ്വകാര്യ ബോട്ടുകൾക്ക് കായൽ യാത്രയ്ക്ക് ആയിരക്കണക്കിന് രൂപ നൽകേണ്ടി വരുമ്പോൾ തുച്ഛമായ ചിലവിൽ മണിക്കൂറുകൾ നീളുന്ന കായൽ ഉല്ലാസ് യാത്ര ആസ്വദിക്കാനാണ് സഞ്ചാരികൾ എത്തുന്നത്. രാവിലെ 10 മുതൽ ആരംഭിക്കുന്ന സ്പെഷ്യൽ സർവീസ് വൈകിട്ട് 5 വരെയാണ് ലഭ്യമാവുക. കൂടാതെ 40 മിനിറ്റ് ദൈർഘ്യമുള്ള കുമരകം മുഹമ്മ ബോട്ട് യാത്രയ്ക്കും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുഹമ്മയിൽ നിന്നും കുമരകത്ത് എത്തി തിരിച്ചെത്തുന്ന ഒന്നര മണിക്കൂർ കായൽ യാത്രക്ക് ഒരാൾക്ക് 32 രൂപയാണ് ചിലവാകുക. തുച്ഛമായ നിലവിൽ വേമ്പനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് മുഹമ്മ ജലഗതാഗത വകുപ്പ് സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. സ്പെഷ്യൽ ബോട്ട് യാത്ര ബുക്ക് ചെയ്യാൻ 94000 50331 എന്ന നമ്പരിൽ ബന്ധപ്പെടുക.