കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ എം.ടി.വാസുദേവൻ നായരുടെ വിശദീകരണം ഇങ്ങനെ. സാഹിത്യകാരൻ എൻ.ഇ.സുധീർ തന്റെ ഫെയ്സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം പുറത്തുവിട്ടത്. ‘‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്’’ എന്നാണ് എംടിയുടെ വിശദീകരണത്തിന്റെ ഉള്ളടക്കം.ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നാണു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ എംടി തുറന്നടിച്ചത്.
അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും എംടി പറഞ്ഞിരുന്നു.