എം ടി വാസുദേവൻ നായർ പറഞ്ഞതിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഐഎം. ഇതേ കാര്യം മുൻപും എം ടി എഴുതിയിട്ടുണ്ട്. ഉള്ളടക്കത്തിലുള്ളത് ചെറിയ വ്യത്യാസം മാത്രമെന്നും സിപിഐഎം വിലയിരുത്തൽ. വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഐഎം.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.