തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തില്‍ കലാമണ്ഡലം സത്യഭാമ ആർഎല്‍വി രാമകൃഷ്ണനോട് മാപ്പുപറയണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.സത്യഭാമയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണ്. കേരളത്തോടും അവർ മാപ്പു പറയണം. കലയും സാഹിത്യവും എല്ലാവർക്കും ഒരുപോലെ ഉള്ളതാണ്. വർഗീയ മുഖത്തോടെ കണ്ടത് തീർത്തും തെറ്റാണ്. കലാഭവൻ മണിയുടെ സഹോദരനാണ് അപമാനം ഏറ്റുവാങ്ങിയത്.
കറുത്തവർക്ക് പറ്റിയതല്ല മോഹിനിയാട്ടംഎന്നാണ് അവർ പറഞ്ഞത്. ഒരുപാട് അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ, കറുത്തവരെ സംരക്ഷിക്കാൻ പോരാടിയ നാടാണ് കേരളം. കറുത്തവർ കലയുടെ ഭാഗമാകുന്നതില്‍ ഇപ്പോഴും വിരോധം കാത്തു സൂക്ഷിക്കുന്ന ഒറ്റപ്പെട്ട ചിലരുണ്ട് എന്നാണ് ഇത്തരം പ്രസ്താവന കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ആര്‍എല്‍വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്ത നിറമുള്ള ആളാണെന്നു, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, ഇനി പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത് തീർത്തും അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ പറഞ്ഞത്.