ഡല്‍ഹി: ആദായനികുതി വകുപ്പ് റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ധീരജ് സാഹു. കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോൺഗ്രസുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും എംപി ധീരജ് സാഹു പറഞ്ഞു.
“കണ്ടെടുത്ത പണം എന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്. മദ്യവിൽപ്പനയിൽ നിന്നുള്ള പണമാണിത്. ഈ പണത്തിന് കോൺഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ ഒരു ബന്ധവുമില്ല, ”ഝാർഖണ്ഡ് എംപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കൂടാതെ കണ്ടെടുത്ത പണമെല്ലാം തന്റേതല്ലെന്നും തന്റെ കുടുംബത്തിനും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അവകാശപ്പെട്ടതാണെന്നും സാഹു പറഞ്ഞു.
“പണം എന്റേതല്ല, അത് എന്റെ കുടുംബത്തിന്റേതും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേതുമാണ്. ഇപ്പോൾ ഐടി റെയ്ഡ് നടത്തി. എല്ലാത്തിനും ഞാൻ കണക്ക് തരാം,” കോൺഗ്രസ് നേതാവ് പറഞ്ഞു.
കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ ഒഡീഷയിലെയും ഝാർഖണ്ഡിലെയും സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 353 കോടി രൂപയുടെ റെക്കോർഡ് കള്ളപ്പണം പിടിച്ചെടുത്തു.
രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസി ഒരൊറ്റ നടപടിയിലൂടെ പിടികൂടിയ ഏറ്റവും ഉയർന്ന തുകയാണിതെന്നും വ്യക്തമാക്കിയിരുന്നു.
ഇത്രയധികം രൂപ കണ്ടെടുത്തതോടെ ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളും (ബിജെഡി), ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് രൂക്ഷമാകുകയും ചെയ്തിരുന്നു.
പണം കുടുംബത്തിന്റേതാണ്, കോൺഗ്രസുമായി ഒരു ബന്ധവുമില്ല’: എംപി ധീരജ് സാഹു
