മോഡൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞു,പരീക്ഷ എഴുതിക്കാതെ പ്രിൻസിപ്പാൾ വിദ്യാർഥിയെ തിരിച്ചയച്ചു

Uncategorized

പാലക്കാട്:മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് പരാതി. പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സഞ്ജയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സേ പരീക്ഷ എഴുതിയാല്‍ മതിയെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ മടക്കി വിടുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷയ്ക്ക് സ്‌കൂളില്‍ പോയി. മോഡല്‍ എക്‌സാമിന് മാര്‍ക്കില്ലെന്ന് പറഞ്ഞ് എന്നെ മാത്രം പുറത്താക്കി. എല്ലാവര്‍ക്കും ഹാള്‍ടിക്കറ്റ് നല്‍കി. എനിക്ക് മാത്രം തന്നില്ല. എനിക്ക് മാത്രമല്ല, അവര്‍ക്കും മാര്‍ക്ക് കുറവായിരുന്നു. പക്ഷേ അവരെ ഇരുത്തി. ചോദിക്കുമ്പോള്‍ പബ്ലിക് പരീക്ഷയ്ക്ക് ഞാന്‍ തോല്‍ക്കുമെന്നാണ് പറയുന്നത്. പരീക്ഷ എഴുതണ്ട, സേ എഴുതിയാല്‍ മതിയെന്നും പറഞ്ഞു. ഒരുമാസമായി കഷ്ടപ്പെട്ട് പഠിച്ചതാണ്. എനിക്ക് മര്‍ച്ചന്റ് നേവിയിലാണ് ചേരേണ്ടത്. അതുകൊണ്ട് ഫിസിക്‌സും കെമിസ്ട്രിയും നന്നായി നോക്കണം. അതിനുവേണ്ടിയാണ് നന്നായി പഠിച്ചത്. എന്തുപറഞ്ഞിട്ടും പരീക്ഷയെഴുതാന്‍ സമ്മതിച്ചില്ല. മോന്തകുറ്റിക്ക് അടിക്കുമെന്ന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ റെഡ് മാര്‍ക്കിടുമെന്നും പറഞ്ഞു. സ്‌കൂളില്‍ നില്‍ക്കണ്ടെന്നും പുറത്തുപോകാനും ആവശ്യപ്പെട്ടു’, വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിപ്പിക്കാതെ മടക്കി അയച്ച സംഭവത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ പിതാവ് സുനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ തന്റെ മകന് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും സുനില്‍ കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ സമ്മതിച്ചില്ല. കഴിഞ്ഞ ഒന്നാം തീയതിയാണ് പ്ലസ്ടു ഫിസിക്‌സ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയെ ഹാള്‍ ടിക്കറ്റ് നല്‍കാതെ പാലക്കാട് റെയില്‍വേ സ്കൂൾ പ്രിൻസിപ്പാൾ മടക്കി അയച്ചു

Leave a Reply

Your email address will not be published. Required fields are marked *