കടുത്തുരുത്തി: യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളേയും, വിവിധ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, എസ്.എസ്.എള്‍.സി. – പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും സെപ്റ്റംബര്‍ 30, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും വിവിധ അക്കാദമികളുടേയും അവാര്‍ഡുകളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള പ്രഗത്ഭരായ വ്യക്തികളേയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പുത്തന്‍ പ്രതിഭകളേയും കലാ – കായിക – സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളേയും ചടങ്ങില്‍വച്ച് ആദരിക്കും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. യുവതലമുറ ലഹരിക്കെതിരേ എന്ന കാമ്പയിന്‍ ഉദ്ഘാടനം മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ.പി.എസ്. നിര്‍വ്വഹിക്കും. വിക്രംസാരാഭായി സ്‌പേസ് സെന്റര്‍ തുമ്പയുടെ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഐ.എ.എസ്. പ്രതിഭകളെ ആദരിക്കും. സിനിമാസംവിധായകനും മികച്ച നടനുമായ ദിലീഷ് പോത്തന്‍, പ്രമുഖ സിനിമാ നിര്‍മ്മാതാവ് ലിന്‍സ്റ്റിന്‍ സ്റ്റീഫന്‍, പ്രമുഖ നടനും സംവിധായകനുമായ രമേശ് പിഷാരടി, പ്രമുഖ സിനിമ – സീരിയല്‍ താരം നീനാകുറുപ്പ് എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഒന്നാംസ്ഥാനവും അഖിലേന്ത്യാടിസ്ഥാനത്തില്‍ ആറാം റാങ്കും കരസ്ഥമാക്കിയ കടുത്തുരുത്തി ചിറയ്ക്കല്‍ കുടുംബാംഗമായ ഗഹന നവ്യ ജയിംസിനെ യോഗത്തില്‍ വച്ച് അനുമോദിക്കും.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡിനുവേണ്ടി ആയിരം വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ അനുമോദിച്ചുകൊണ്ടുള്ള പുരസ്‌കാര സമര്‍പ്പണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി.സ്മിത എന്നിവര്‍ അനുമോദന പ്രസംഗം നടത്തും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജനനേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.