ചെന്നൈ; കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് (മോശഹ ിമറൗ) മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ‘ഈ പ്രതിസന്ധി ഘട്ടത്തില്‍, കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് കൂടുതല്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍, ജനങ്ങളുടെ ക്ഷേമത്തിനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഫണ്ട് ഉപയോഗിക്കുന്നു.’ – സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് കേന്ദ്രം സംസ്ഥാനത്തിന് കൂടുതല്‍ തുക അനുവദിച്ചിട്ടില്ലെന്നും, അനുവദിച്ച 450 കോടി രൂപ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രം നല്‍കാനുള്ള ഫണ്ടിന്റെ രണ്ടാം ഗഡുവാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
‘എന്‍ഡിആര്‍എഫില്‍ നിന്ന് ഉടന്‍ പണം അനുവദിക്കണമെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു.”- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്തുന്നതിനും കൂടുതല്‍ കേന്ദ്രസഹായം തേടുന്നതിനുമായി മുഖ്യമന്ത്രി ബുധനാഴ്ച ഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ചയില്‍ തെക്കന്‍ തമിഴ്നാട്ടിലെ വെള്ളപ്പൊക്ക പ്രതിസന്ധി പരിഹരിക്കാന്‍ പ്രാഥമിക ധനസഹായമായി 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ തെക്കന്‍ തമിഴ്നാടിന്റെ പുനരുദ്ധാരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 500 കോടിയിലധികം രൂപ ചെലവഴിക്കുമെന്നും തകര്‍ന്ന റോഡുകള്‍, ആശുപത്രികള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ നന്നാക്കാന്‍ കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”തമിഴ്‌നാട് ഗവര്‍ണര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഡല്‍ഹിയില്‍ പോകാറുണ്ട്. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് നേടാന്‍ അദ്ദേഹത്തിന് കഴിയുമെങ്കില്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.” – അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളായ തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതിലും എത്രയോ മടങ്ങ് കൂടുതലാണ് ഈ പ്രദേശങ്ങളില്‍ ലഭിച്ച മഴയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ ആദ്യ ദിവസം മാത്രം കനത്ത മഴയുണ്ടാകുമെന്ന പ്രവചനമാണ് ഐഎംഡിയുടെ ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
തൂത്തുക്കുടി, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളിലെ പലയിടത്തും ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള മഴയാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം കൊണ്ട് പെയ്യേണ്ട മഴ ഒരു ദിവസം കൊണ്ട് പെയ്‌തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.