കോഴിക്കോട്: നിപ പരിശോധന ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധന നടത്തുന്നത്. ഫലം ലഭിക്കുന്നത്തോടെ നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ഇപ്പോള്‍ നടക്കുന്നത് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു. നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിപയാണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം അവലോകനം ചെയ്യാന്‍ കോഴിക്കോട് എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.
മരിച്ച വ്യക്തിയുടെ ഒമ്പത് വയസുകാരനായ മകന്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി അറിയിച്ചു. മരിച്ചയാളുടെ സഹോദരന്റെ പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലാണ്. ഇത്തരത്തില്‍ മരിച്ചയാളുടെ അടുപ്പത്തിലുള്ളവര്‍ക്കും അസ്വഭാവിക പനിലക്ഷണങ്ങള്‍ കണ്ടതോടെയാണ് സംശയം തോന്നിയതെന്നും മറ്റു മുന്‍കരുതലുകള്‍ സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.