കുമരകം: സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരൻ്റിയുണ്ടെന്നും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കുമരകം 315ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ ബാങ്കുകളിലെ നിക്ഷേപം അതാത് നാട്ടിലെ ജനങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. കൊമെഴ്സ്യൽ, നാഷണലൈസ്ഡ് ബാങ്കുകളിലാണേൽ അവിടെയിടുന്ന പണം ഉത്തരേന്ത്യയിലേക്ക് പോകും .അത് വൻകിടക്കാർക്ക് വായ്പ നൽകി കിട്ടാക്കടമാകുമ്പോൾ മാത്രമാണ് നമ്മളറിയുന്നത്. അതേ സമയം സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരൻറിയാണ്. പുതിയ സഹകരണ ബില്ലിൽ ബാങ്കുകളുടെ വിവരങ്ങൾ അറിയിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഭരണ സമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ബാധ്യതയുണ്ടെങ്കിൽ അത് പൊതുയോഗത്തിൽ അറിയിക്കണം. ക്രമക്കേട് കണ്ടെത്താൻ ടീം ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സേവനങ്ങളെല്ലാം പ്രാഥമിക ബാങ്കുകളിലും ഏർപ്പെടുത്തും. 40 വയസിൽ താഴെയുള്ളവരെയും ഭരണ സമിതിയിൽ ഉൾപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാൻ എന്തെല്ലാം പ്രയാസമുണ്ട്. അതേ സമയം സഹകരണ ബാങ്കുകളിൽ വായ്പകിട്ടാൻ പ്രയാസമില്ല. ഈ രംഗത്ത് തെറ്റായ പ്രചാരണം കൊണ്ടുവരുന്നു. ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാനാവില്ല- മന്ത്രി കൂട്ടിച്ചേർത്തു. പ്രമുഖ സഹകാരികളിൽ നിന്ന് മന്ത്രി നിക്ഷേപം സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് കെ കേശവൻ അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർബോർഡ് അംഗം കെ എം രാധാകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, കെസിഇയു ജില്ലാ സെക്രട്ടറി കെ പ്രശാന്ത്, സഹകരണ അസിസ്‌റ്റന്റ് രജിസ്‌ട്രാർ കെ പി ഉണ്ണികൃഷ്‌ണൻ, സഹകരണ അസി. ഡയറക്ടർ (ഓഡിറ്റ്) ടി ജി അനുപമ ,ഓഫീസ് ഇൻസ്പെക്ടർ എ അനീഷ്, യൂണിറ്റ് ഇൻസ്പെക്ടർ പി ആർ സവിത എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ വി കെ ജോഷി സ്വാഗതവും ഭരണസമിതിയംഗം പി എസ് അനീഷ് നന്ദിയും പറഞ്ഞു.