തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രതിഷേധത്തിന്റെ പേരില്‍ അനാവശ്യ പ്രകോപനങ്ങള്‍ ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. ഇത്രത്തോളം കാര്യക്ഷമതയില്ലാത്ത പ്രതിപക്ഷ നേതാവ് മുന്‍പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
നവകേരളസദസ്സിന്റെ വിജയം യുഡിഎഫിനെ ഭയപ്പെടുത്തി. വി ഡി സതീശന്റെ പ്രതികരണങ്ങള്‍ അനാവശ്യമാണ്. പാര്‍ട്ടിക്കും മുന്നണിക്കും സംഭവിച്ച അബദ്ധമാണ് വി ഡി സതീശനെന്നും വി അബ്ദുറഹ്‌മാന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് നടത്തിയത് കലാപാഹ്വാനമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിമര്‍ശിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തല്ലിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് എല്ലാം ചെയ്തതെന്നും മന്ത്രി പറഞ്ഞു. സതീശന്‍ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്നും നാടിന്റെ സമാധാനം തകര്‍ക്കാനുള്ള നീക്കമുണ്ടായെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.
മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് പ്രതികരിച്ച അഹമ്മദ് ദേവര്‍കോവില്‍ അഞ്ചുവര്‍ഷംകൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ താന്‍ രണ്ടര വര്‍ഷം കൊണ്ട് ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയത്തില്‍ കയറ്റവും ഇറക്കവും പതിവാണ്. ധാരണ പ്രകാരം താന്‍ സ്ഥാനം ഒഴിയുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.