ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടു; ആരോപണവുമായി മന്ത്രി

Breaking Kerala

കോട്ടയം: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

‘ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാൻ എന്റെ നേർക്കുകൊണ്ടുവരികയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, എന്റെ കൈയിൽ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു. പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാൽ എനിക്കു തരാതെ വിളക്ക് നിലത്ത് വച്ചു. അതെടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് പോയി പണിനോക്കാൻ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ പ്രസംഗിക്കുകയും ചെയ്തു. ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപിക്കുന്നു,’ മന്ത്രി പ്രതികരിച്ചു.

ഏത് പാവപ്പെട്ടവൻ കൊടുക്കുന്ന പൈസക്കും അയിത്തമില്ല. നമുക്ക് അയിത്തമുണ്ട്. പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇക്കാര്യം തുറന്നടിച്ചെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *