കൊച്ചി: മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എൻസിപി ഔദ്യോഗിക വിഭാഗം. എന്‍സിപി അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗികവിഭാഗമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച് ഉത്തരവിറക്കിയതിലെ കാര്യങ്ങള്‍ മനസിലാക്കാതെയാണ് ശശീന്ദ്രന്‍ പ്രസ്താവന നടത്തിയതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടി അറിയിച്ചു. കമ്മീഷന്‍ ഉത്തരവില്‍ പാര്‍ട്ടിയുടെ ചിഹ്നവും കൊടിയും അജിത് പവാര്‍ വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല കമ്മീഷന്‍ ഉത്തരവിനെതിരെ ശരദ്പവാര്‍ വിഭാഗം സുപ്രീം കോടതിയില്‍ പോയെങ്കിലും ഇരുവിഭാഗത്തെകൂടി കേള്‍ക്കാതെ കോടതി മറ്റ് നടപടികള്‍ സ്വീകരിക്കില്ല എന്നുറപ്പാണ്. മഹാരാഷ്ടയില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് പരിഗണിച്ചാണ് ശരദ്പവാര്‍ വിഭാഗത്തിന് താല്‍ക്കാലികമായി പേര് നിര്‍ദ്ദേശിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ഇതനുസരിച്ചാണ് എന്‍സിപി ശരദ്ചന്ദ്ര പവാര്‍ എന്ന പേര് ലഭിച്ചത്. ഇത് രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. അതിനുശേഷം ശരദ് പവാര്‍ വിഭാഗത്തിന് മറ്റൊരു പേര് കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തില്‍ നിലവില്‍ പാര്‍ട്ടിയില്ലാത്ത ആളായി ശശീന്ദ്രന്‍ മാറിയിരിക്കുകയാണ്. പുതിയ പാര്‍ട്ടിയും ചിഹ്‌നവും ശശീന്ദ്രന്‍ കണ്ടെത്തേണ്ടിവരും. അതുകൊണ്ടുതന്നെ ശശീന്ദ്രന്‍ നടത്തിയ പ്രസ്താവന തികച്ചും അസ്ഥാനത്താണ്. എന്‍സിപിയുടെ പേരില്‍ നാളെ കോഴിക്കോട് മന്ത്രി ശശീന്ദ്രന്‍ നടത്താന്‍പോകുന്ന പൊതുപരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൊടിയും ചിഹ്നവും പരിപാടിയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ പരിപാടി നടത്തുന്നതില്‍ നിന്ന് മന്ത്രി ശശീന്ദ്രന്‍ പിന്‍വാങ്ങണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കും. കോണ്‍ഗ്രസ് എസ് രൂപീകൃതമായതുമുതല്‍ എല്‍ഡിഎഫിനൊപ്പമാണ് പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ഇനിയും എന്‍സിപി എല്‍ഡിഎഫിനൊപ്പമായിരിക്കും പ്രവര്‍ത്തിക്കുക. എല്‍ഡിഎഫ് യോഗത്തില്‍ പിസി ചാക്കോക്ക് എന്‍സിപി യുടെ പേരില്‍ പങ്കെടുക്കാനാവില്ല എന്നും എന്‍ എ മുഹമ്മദ്കുട്ടി അറിയിച്ചു.
എന്‍സിപി സംസ്ഥാന നേതൃയോഗം ഞായറാഴ്ച ( 11.02.24 ) രാവിലെ 10 മണിക്ക് കളമശ്ശേരി ഫാല്‍ക്കണ്‍ മഹാത്മ ഹാളില്‍ ചേരുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനാണ് യോഗം ചേരുന്നത്. എന്‍സിപി യുടെ 14 ജില്ലാ ഭാരവാഹികളെയും പോഷകസംഘടന ഭാരവാഹികളെയും നിയമിച്ച് കഴിഞ്ഞതായും എന്‍ എ മുഹമ്മദ്കുട്ടി അറിയിച്ചു.