ഫ്‌ളോറിഡ: അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരെ ഇരട്ട ഗോളോടെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഫുട്‌ബോൾ കരിയറിലെ മറ്റൊരു അപൂർവ നേട്ടം സ്വന്തമാക്കി. ക്ലബ് ഫുട്‌ബോളിൽ 100 വ്യത്യസ്ത എതിരാളികൾക്കെതിരെ സ്‌കോർ ചെയ്‌തതിന്റെ റെക്കോർഡ് മെസ്സിയുടെ പേരിലാണ്.
ഇന്റർ മിയാമിയിൽ എത്തിയ ആദ്യ മത്സരത്തിൽ ക്രൂസ് അസുലിനെതിരെ മെസ്സി ഒരു ഗോൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്റർ മിയാമി വിജയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന ലീഗ് കപ്പിൽ ക്രൂസ് അസുലിനെതിരെ ഇന്റർ മിയാമി 2-1 ന് വിജയിച്ച മത്സരത്തിൽ വിജയഗോൾ നേടിയാണ് മെസ്സി അമേരിക്കയിലേക്കുള്ള വരവ് അറിയിച്ചത്. ആ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ചില്ലെങ്കിലും പകരക്കാരനായി ഇറങ്ങിയ 36 മിനിറ്റിൽ മെസ്സിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. ഇഞ്ചുറി ടൈമിൽ ഒരു തകർപ്പൻ ഫ്രീ-കിക്ക് ഗോളിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.