ഹൈദരാബാദ്: തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും വീശിയടിച്ച മീഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങള്‍ പലതും വെള്ളക്കെട്ടിനടിയിലാണ്.
വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയാത്തതും വെള്ളക്കെട്ട് തുടരുന്നതുമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത്. പല മേഖലകളിലും ഇപ്പോഴും ജനജീവിതം സാധാരണ നിലയിലേക്ക് മാറിയിട്ടില്ല. ആന്ധ്രപ്രദേശിലെ ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായി നടത്തണമെന്ന് കലക്ടര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി വൈ.എസ്. ജഗമോഹന്‍ റെഡി നിര്‍ദ്ദേശം നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മീഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെയാണ് തെക്കന്‍ ആന്ധ്രാതീരം കടന്നത്. കരയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കി. നിലവില്‍, ചുഴലിക്കാറ്റിന്റെ തീവ്രത ദുര്‍ബലമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ നടത്താനാണ് നിര്‍ദേശം. ചെന്നൈയിലെ പലസ്ഥലങ്ങളിലും മൊബൈല്‍ നെറ്റ്വര്‍ക്ക് പുനഃസ്ഥാപിക്കുന്നതില്‍ തടസം നേരിടുന്നുണ്ട്.
മീഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു; പ്രധാന നഗരങ്ങള്‍ പലതും വെള്ളക്കെട്ടില്‍
