ഡല്‍ഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മുന്നറിയിപ്പുകളെത്തുടര്‍ന്ന്, രണ്ട് മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പ്പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരോട് നിര്‍ദ്ദേശിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ).
കരള്‍ രോഗത്തിന്റെ മരുന്നായ ഡിഫിറ്റെലിയോ, കാന്‍സറിനുള്ള അഡ്സെട്രിസ് എന്നിവയുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുള്‍പ്പെടെ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ലിമിറ്റഡ് നിര്‍മിക്കുന്ന 50 മില്ലിഗ്രാം അഡ്സെട്രിസ് കുത്തിവെപ്പിന്റെ ഒന്നിലധികം വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതായി സെപ്റ്റംബര്‍ അഞ്ചിന് ഡി.സി.ജി.ഐ അറിയിച്ചിരുന്നു.
അനിയന്ത്രിതമായ വിതരണ ശൃംഖലകളില്‍, പ്രധാനമായും ഓണ്‍ലൈനില്‍ ഇത്തരം വ്യാജ മരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്. വ്യാജ പതിപ്പുകളുടെ എട്ട് വ്യത്യസ്ത ബാച്ച് നമ്പറുകള്‍ പ്രചാരത്തിലുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തതായി ഡി.സി.ജി.ഐ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയത്തില്‍ പറഞ്ഞു.