മക്‌ഡൊണാൾഡിന്റെ ഇന്ത്യ ഔട്ട്‌ലെറ്റ് അതിന്റെ മെനു ഇനങ്ങളിൽ നിന്ന് തക്കാളി താൽക്കാലികമായി നീക്കം ചെയ്യുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. മക്ഡോണാള്‍ഡിന്റെ നിലവാരത്തിന് അനുസരിച്ചുള്ള തക്കാളി ലഭിക്കുന്നില്ലെന്നാണ് കമ്ബനിയുടെ പരാതി.
തക്കാളിയുടെ വിലക്കയറ്റത്തെക്കുറിച്ച് കമ്പനി വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഇന്ത്യയിൽ കനത്ത മഴ പെയ്തത് അവയുടെ വിലയിൽ ഗണ്യമായ വർദ്ധനവിന് കാരണമായി. ഡൽഹി, കൊൽക്കത്ത, ഉത്തർപ്രദേശ് തുടങ്ങിയ നഗരങ്ങളിൽ തക്കാളി വില കിലോയ്ക്ക് 130-155 രൂപയായി ഉയർന്നു.
അതേസമയം, വിലക്കയറ്റമല്ല തക്കാളി മെനുവില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമെന്നാണ് മക്ഡോണാള്‍ഡ് വിശദീകരിക്കുന്നത്. ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, അത്രയും ഗുണനിലവാരമുള്ള തക്കാളി ഇപ്പോൾ ലഭ്യമല്ല. അതിനാലാണ് മെനുവിൽ നിന്ന് തക്കാളി നീക്കം ചെയ്തതെന്ന് മക്‌ഡൊണാൾഡിന്റെ കൊണാട്ട് പ്ലേസ് ഔട്ട്‌ലെറ്റ് അധികൃതർ അറിയിച്ചു.
രണ്ട് ഫ്രാഞ്ചൈസികളാണ് ഇന്ത്യയില്‍ മക്ഡോണാള്‍ഡ് സ്റ്റോറുകള്‍ നടത്തുന്നത്. സഞ്ജീവ് അഗര്‍വാളിന്റെ എം.എം.ജി ഗ്രൂപ്പ് വടക്ക്, കിഴക്കൻ ഇന്ത്യയില്‍ ഫ്രാഞ്ചൈസികള്‍ നല്‍കുമ്ബോള്‍ വെസ്റ്റ്ലൈഫ് ഗ്രൂപ്പാണ് മറ്റ് പ്രദേശങ്ങളില്‍ സ്റ്റോറുകള്‍ നടത്തുന്നത്.
സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഉത്തരേന്ത്യയിലുടനീളം പച്ചക്കറി വിലയിൽ, പ്രത്യേകിച്ച് തക്കാളിയുടെ വില കുതിച്ചുയരുന്നു എന്നാണ്. ഡൽഹിയിലെ ചില മാർക്കറ്റുകളിൽ തക്കാളി വില കിലോയ്ക്ക് 129 രൂപയിൽ എത്തിയപ്പോൾ ഉത്തർപ്രദേശിലെ മൊറാദാബാദിൽ തക്കാളി വില 150 രൂപയായി ഉയർന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ജാർഖണ്ഡിലും തക്കാളി വിലയിൽ ഗണ്യമായ വർധനയുണ്ടായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയാണ് ഈ വിലക്കയറ്റത്തിന് കാരണമായത്.