കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കര്‍ത്തയുടെ വീട്ടിലെത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ ശശിധരൻ കർത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് ശശിധരന്‍ കര്‍ത്ത ഹാജരാകാതിരുന്നത്.
നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണ് നീണ്ടത്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മടങ്ങിയത്. കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.