ഗ്രീസ്: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഗ്രീസ്. വ്യാഴാഴ്ച ഗ്രീക്ക് പാർലമെൻ്റ് 76നെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കിയത്. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനും ബിൽ അനുവദിക്കുന്നു.
ഓർത്തഡോക്സ് സഭയുടെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. വർഷങ്ങളായി തങ്ങൾ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്വവർഗ്ഗാനുരാഗ പ്രവർത്തക സ്റ്റെല്ല ബാലിയ കുറിച്ചു.
പുതിയ നിയമം അസമത്വം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടകിസ് പറഞ്ഞു. അദൃശ്യരായ ആളുകൾ ഒടുവിൽ നമുക്ക് ചുറ്റും ദൃശ്യമാകുമെന്ന് വോട്ടെടുപ്പിന് മുമ്പുള്ള സംവാദത്തിൽ മിത്സോതാകിസ് പറഞ്ഞു.ബില്ലിനെ അനുകൂലിക്കുന്നവർ പരിഷ്കരണത്തെ ധീരമായ നീക്കമെന്ന് വിശേഷിപ്പിച്ചപ്പോൾ യാഥാസ്ഥിതികർ അതിനെ “സാമൂഹ്യവിരുദ്ധം” എന്ന് വിളിച്ചു.
യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളിൽ ഗ്രീസ് ഉൾപ്പെടെ 16 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്.
ഗ്രീസിന് പുറമെ ലോകമെമ്പാടുമുള്ള 35 രാജ്യങ്ങളിലും ഇത് അനുവദനീയമാണ്. വിവാഹത്തിൽ തുല്യതയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെക്ക്-കിഴക്കൻ യൂറോപ്യൻ രാജ്യം കൂടിയാണ് നിലവിൽ ഗ്രീസ്.