ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് ഈണം പകർന്നിരിക്കുന്നു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു പ്രത്യേകത ഈ പ്രോമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി മുകുന്ദൻ എന്നതുമാണ്.
‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന മാർക്കോ ഡിസംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഒരേ സമയം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ‘ബ്ലഡ്’ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ആദ്യം പുറത്തിറങ്ങിയത് ഡബ്സി പാടിയ വേര്‍ഷനായിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയയിൽ വന്ന ചര്‍ച്ചകൾക്ക് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി.