100 കോടി ക്ലബ് കൈകടക്കി മാർക്ക് ആന്റണി

Business

100 കോടി ക്ലബ് കൈകടത്തിയ ചിത്രമായി മാറിയിരിക്കുകയാണ് മാര്‍ക്ക് ആന്റണി. സിനിമകള്‍ നിരന്തരം ചെയ്യുന്നുണ്ടെങ്കിലും ഹിറ്റുകള്‍ താരത്തിന്റെ പേരില്‍ അധികമില്ല. അതുകൊണ്ടുതന്നെ മാര്‍ക്ക് ആന്റണി 100 കോടി ക്ലബില്‍ എത്തിയത് വലിയ വിജയമാണ് നടന്. വമ്പൻ ലാഭം മാര്‍ക്ക് ആന്റണി സ്വന്തമാക്കും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.
മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലസിറ്റുകളില്‍ നിന്ന് ലഭ്യമായ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കളക്ഷൻ മാത്രം പരിഗണിച്ചാല്‍ 72 കോടി രൂപയാണ് ബാക്കിയിരിപ്പ്. മറ്റ് പ്രമോഷണ്‍ ചെലവുകളെല്ലാം കണക്കിലെടുത്താലും ചിത്രം വമ്പൻ ലാഭമാണ് നേടിയിരിക്കുന്നത്. ഒടിടി റൈറ്റ്‍സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. വിജയ്‍ക്കും അജിത്തിനും സൂര്യക്കും കാര്‍ത്തിക്കും രജനികാന്തിനും ധനുഷിനുമൊക്കെ പിന്നാലെ വിശാലും ഇനി കേരളത്തില്‍ ആരാധകരെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷ. വമ്പൻ നായകൻമാര്‍ക്കിടയില്‍ വിശാലിന്റെ ഇരിപ്പിടമുറപ്പിക്കുന്ന ചിത്രമായിരിക്കുകയാണ് മാര്‍ക്ക് ആന്റണി. നടൻ എന്ന നിലയില്‍ വിശാലിന്റെ തിരിച്ചുവരവും ആണ്.

സംവിധാനം ആദിക് രവിചന്ദ്രനാണ്. രസകരമായ ഒരു ടൈംട്രാവലാണ് വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണി. വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്‍ക്ക് ഫോണ്‍ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താൻ സാധിക്കുന്നതുമൊക്കെ പരാമര്‍ശിക്കുന്ന വേറിട്ട പ്രമേയവുമാണ് മാര്‍ക്ക് ആന്റണിക്ക്. തമിഴ്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *