കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ഉണ്ടായ പേര്യ ചപ്പാരത്തെ വീട്ടിൽ വിശദമായ അന്വേഷണത്തിനായി ഉന്നത പൊലീസ് സംഘമെത്തി. മാവോയിസ്റ്റുകളിൽ നിന്ന് പിടികൂടിയ തോക്കുകളിൽ ഒന്ന് സൈനിക വിഭാഗത്തിന്റെതാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ചന്ദ്രുവിനെയും ഉണ്ണിമായയെയും ചോദ്യം ചെയ്യാനും വിശദ അന്വേഷണത്തിനുമായി എൻഐഎ സംഘം വയനാട്ടിലെത്തും.
ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ കഴിഞ്ഞ ദിവസം ആന്റി നക്സൽ സ്ക്വാഡ് ഉദ്യോഗസ്ഥരും കർണാടക ക്യു ബ്രാഞ്ചും തെലങ്കാന പൊലീസും ചോദ്യം ചെയ്തു. ഉത്തരമേഖല ഐജി കെ സേതുരാമൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡിഐജി പുട്ട വിമലാദിത്യ, ജില്ലാ പൊലീസ് മേധാവി പദം സിംഗ്, അന്വേഷണ ഉദ്യോഗസ്ഥൻ മാനന്തവാടി ഡിവൈഎസ്പി പി എൽ ഷൈജു എന്നിവരുൾപ്പെടെയുള്ള ഉന്നതസംഘം വെടിവെപ്പ് നടന്ന വീട് പരിശോധിച്ചു.