ചാവക്കാട്: ടിപ്പുസുൽത്താനുമായി പടവെട്ടി വീര ചരമം പ്രാപിച്ച നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്മരണർത്ഥം നടത്തുന്ന ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ച ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമായി ആഘോഷിക്കും. നേർച്ചയുടെ ഭാഗമായി നാൽപ്പതിലേറെ കാഴ്‌ചകൾ രണ്ടുദിവസങ്ങളിലായി മണത്തലയിലെ ജാറത്തിലെത്തും.
ഞായറാഴ്ച രാവിലെ ചാവക്കാട് ടൗണിൽനിന്നു പുറപ്പെടുന്ന പ്രജ്യോതിയുടെ ആദ്യ കാഴ്‌ചയോടെ തുടക്കംകുറിച്ചു. രാവിലെ ഒമ്പതോടെ പ്രജ്യോതിയുടെ കാഴ്‌ച ജാറത്തിലെത്തി. ഇന്ന് വൈകീട്ടും രാത്രിയുമായി 15 കാഴ്‌ചകൾകൂടി ജാറത്തിലെത്തും.
നേർച്ചയുടെ പ്രധാന ദിനമായ തിങ്കളാഴ്‌ച രാവിലെ എട്ടിന് ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽനിന്ന് പ്രധാന ചടങ്ങുകളിലൊന്നായ താബൂത്ത് കാഴ്‌ച പുറപ്പെടും. ഹൈദ്രോസ്‌കുട്ടി മൂപ്പരെ രാജകീയ ബഹുമതികളോടെ ഖബറടക്കിയതിന്റെ ഓർമയുണർത്തുന്ന താബൂത്ത് കാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയ്ക്ക് 12-ന് ജാറത്തിലെത്തും. ഇതിന് പിന്നാലെ മൂന്ന് കൊടികയറ്റക്കാഴ്‌ചകളെത്തി പള്ളിയങ്കണത്തിലെ താണിമരങ്ങളിലും പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കൊടികൾ കയറ്റും. വൈകീട്ട് ആറിന് മൂന്ന് നാട്ടുകാഴ്‌ചകൾ പള്ളിയങ്കണത്തിലെത്തും. രാത്രി വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും കാഴ്‌ചകളെത്തും. താബൂത്ത് കാഴ്‌ച ഉൾപ്പെടെ ഇരുപത്തഞ്ചിലേറെ കാഴ്‌ചകൾ ഞായറാഴ്ച ഉണ്ടാകും.
നേര്ച്ഛയുടെ ഭാഗമായി ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഞായറാഴ്ച രാത്രി 10 മുതൽ പുലർച്ചെ 1.30 വരെയും തിങ്കളാഴ്ച രാത്രി 11 മുതൽ പുലർച്ചെ 3.30 വരെയുമാണ് ഗതാഗതനിയന്ത്രണം. ഗതാഗതനിയന്ത്രണസമയത്ത് പൊന്നാനി ഭാഗത്തുനിന്നു വരുന്ന ട്രക്ക്, കണ്ടെയ്‌നർ ലോറി എന്നീ വലിയ വാഹനങ്ങൾ മന്ദലംകുന്നിനു മുൻപായും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ ചേറ്റുവയ്ക്കു മുൻപായും റോഡരികിൽ ഒതുക്കിനിർത്തണം.