പൊതുവഴിയില്ലാതെ ദുരിതത്തിലായി 10 ഓളം കുടുംബങ്ങള്‍

Uncategorized

മാന്നാര്‍: ബുധനൂരില്‍ പൊതുവഴിയില്ലാതെ ദുരിതത്തിലായി 10 ഓളം കുടുംബങ്ങള്‍. ബുധനൂര്‍ കിഴക്ക് നാലാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബങ്ങളാണ് പൊതുവഴിയില്ലാതെ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളെയും കിടപ്പു രോഗികളെയും ഒരടി മാത്രം വീതിയുള്ള കനാലിന് മുകളിലൂടെ ചുമന്നാണ് റോഡിലെത്തിക്കുന്നത്. പൊതുവഴി ഇല്ലാത്തതും വഴിവിളക്ക് ഇല്ലാത്തതും കാരണം രാത്രിയായാല്‍ വന്‍ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ പോലും ഏറെ ബുദ്ധിമുട്ടാണ്. നിര്‍മ്മാണ സാധനങ്ങള്‍ എത്തിക്കുവാന്‍ ചുമട്ടു കൂലി ഇനത്തില്‍ തന്നെ വന്‍ തുക ചെലവാകുന്നു. ചുമടുമായി പോകുന്ന തൊഴിലാളികള്‍ ഈ കനാലില്‍ വീണ് അപകടങ്ങള്‍ പറ്റുന്നതും സ്ഥിരംസംഭവമാണ്. ഇത് വീട് നിര്‍മാണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടാതെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആള്‍ക്കാരാണ് പ്രധാന റോഡില്‍ എത്താന്‍ ഈ വഴിയെ ആശ്രയിക്കുന്നത്. വഴി യാത്രക്കാര്‍ കനാലിന് മുകളില്‍ നിന്നും താഴെ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ഈ ദുരിതങ്ങളെല്ലാം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇതൊക്കെ ഉണ്ടെങ്കിലും എല്ലാം വെറും വാഗ്ദാനങ്ങളായി തന്നെ തുടരുകയാണ്. അധികാരികളുടെ അനാസ്ഥക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *