മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; 36 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേർ

Breaking National

ഇംഫാല്‍: മണിപ്പൂർ വീണ്ടും നടന്ന വെടിവെപ്പിൽ ഒരു മരണം. ബിഷ്ണുപൂർ ജില്ലയിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഇതോടെ ബിഷ്ണുപൂർ ജില്ലയിൽ 36 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 3 ആയി. നരൻസീന ഗ്രാമത്തിൽ കുക്കി മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ് തുടരുന്നതിനിടെയാണ് ഒരാൾ കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്. 36 മണിക്കൂറിലധികമായി ഇവിടെ വെടിവെപ്പ് തുടരുകയാണ്.

നേരത്തെ നരൻസീന ​ഗ്രാമത്തിലെ സലാം ജോതിൻ സിം​ഗ് എന്ന കർഷകന് നേരെ വെടിവെച്ചതോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. വെടിവെപ്പിൽ സലാം ജോതിൻ സിം​ഗ് പരിക്കുകളോടെ രക്ഷപ്പെട്ടു. സൈന്യവും അസം റൈഫിൾസും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. സ്ഥിതി​ഗതികൾ സംഘർഷഭരിതമാണെന്നും ഉദ്യോ​ഗസ്ഥർ‍ അറിയിച്ചു.

അതേസമയം മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. പടിഞ്ഞാറൻ ഇംഫാൽ, തൗബാൽ ജില്ലകളിലെ വനമേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 13 ഗ്രനേഡുകൾ, 10 ഗ്രനേഡ് ലോഞ്ചറുകൾ, എം -16 റൈഫിൾ, മറ്റ് ആയുധങ്ങൾ എന്നിവ കൂടാതെ 19 സ്‌ഫോടക വസ്തുക്കളുമാണ് പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ സുരക്ഷാ സേന കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *