ഇംഫാല്‍: ശക്തമായ ഭരണ – പ്രതിപക്ഷ ബഹളത്തെ തുടർന്ന് മണിപ്പൂർ നിയമസഭ ഏകദിന സമ്മേളനം പിരിഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നു എന്നും സംസ്ഥാന സർക്കാർ ഉത്തരവാദികളാണെന്നും ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ബഹളംവച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒകാറാം ഇബോബി സിംഗും തമ്മിൽ ശക്തമായ വാക്പോര് നടന്നു. ഇതോടെ സ്പീക്കർ അരമണിക്കൂർ നേരം സഭ നിർത്തിവച്ചു.
വീണ്ടും സഭ സമ്മേളിച്ചു എങ്കിലും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു. 10 കുക്കി എംഎൽഎമാർ സഭ ബഹിഷ്കരിച്ചു. ഇതിൽ 7 പേർ ബിജെപി എംഎൽഎമാരാണ്. മണിപ്പൂരിൽ കലാപം തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നത്.