മണിപ്പൂര്‍: ഇന്റർനെറ്റ് നിരോധനം 21 വരെ

National

ഇംഫാൽ: ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്‌ടോബർ 21 ന് രാത്രി 7:45 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരിലെ ക്രമസമാധാനം നിലനിർത്താനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സർക്കാർ അറിയിച്ചു.

‘വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വിഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കും. തെറ്റായ വിവരങ്ങളും, കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടഞ്ഞ് പൊതുതാൽപ്പര്യത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്’ -സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മണിപ്പൂരിൽ നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടുമെന്നും സർക്കാർ വ്യക്തമാക്കി.

പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥരുടെ വസതികൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുൾപ്പെടെ നിലവിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഡി.ജി.പി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നേരത്തെ മെയ് മൂന്നിനാണ് അക്രമം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വ്യാപക പ്രതിക്ഷേധത്തിന് വഴിതെളിച്ചിരുന്നു. ഇതേ തുടർന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇതിന് പിന്നാലെ ഒക്ടോബര്‍ ഒമ്പതിന് ഒരാളെ ചുട്ടുകൊല്ലുകയും ചെയ്തതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇതേ തുടർന്ന് ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടിയിരുന്നു.

ഇതിനിടെ മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സേനകളുടെ യൂണിഫോം ധരിച്ച് സായുധരായ അക്രമികള്‍ ആക്രമണം അഴിച്ചുവിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ന്യൂ കെയ്ഥെല്‍മാന്‍ബി ഏരിയയിലെ കുക്കി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ഇത്തരം ആക്രമണം ഉണ്ടായി. അത്യാധുനിക ആയുധങ്ങളുമായെത്തുന്ന സംഘം വീടുകള്‍ കത്തിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്‌തെന്ന് കുക്കി ആദിവാസി സംഘടനകൾ ആരോപിച്ചു.

മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ലാണ് ആദ്യ സംഘർഷം ഉണ്ടായത്. ഇതിനുപിന്നാലെ നടന്ന കലാപത്തിൽ 175-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *