മണിപ്പൂരിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് പിടിയിൽ. മോറെയിൽ പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദ് കുമാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ട്രഷററായ ഹേംഖോലാൽ മേറ്റ്, രണ്ടാം പ്രതിയായ ഫിലിപ്പ് ഖൈഖോലാൽ ഖോങ്‌സായി എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ പാർട്ടിയുടെ തെങ്ങ്‌നൗപാൽ ജില്ലാ ഘടകത്തിന്റെ ട്രഷററായ ഹേംഖോലാൽ മേറ്റിനെ ബിജെപി പുറത്താക്കുകയും അംഗത്വവും റദ്ദാക്കുകയും ചെയ്തു. കെ മൗൽസാംഗ് ഗ്രാമത്തിന്റെ തലവനും മേറ്റ് ട്രൈബ് യൂണിയന്റെ ധനകാര്യ സെക്രട്ടറി കൂടിയാണ് ഹേംഖോലാൽ. 2023 ഒക്‌ടോബർ 31-ന് ചിങ്തം ആനന്ദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചത്.
പാർട്ടിയിലെ ഏതെങ്കിലും അംഗം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ നിംബസ് സിങ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ഒമ്പത് ദിവസം കസ്റ്റഡിയിൽ വിട്ടു.