ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ വിസമ്മതിച്ച് കുടുംബാംഗങ്ങള്‍.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ചില ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോയിന്റ് ആക്ഷൻ കമിറ്റി ഓഫ് മെയ്തേയി പാങ്ഗല്‍സാണ് മെമ്മോറാണ്ടം തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ സംരക്ഷിക്കാനായി വില്ലേജ് പ്രൊട്ടക്ഷൻ ഫോഴ്സ് രുപീകരിക്കാൻ അനുവദിക്കണമെന്നാണ് മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യം. മെയ്തേയി മുസ്‍ലിംകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഗ്രാമസുരക്ഷസേന രുപീകരിക്കാൻ അനുവദിക്കണമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.
തിങ്കളാഴ്ച നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം എൻ.ഐ.എ ഏല്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ മണിപ്പൂര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മണിപ്പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ മൊഹദ് റിയജുദ്ദീൻ ഷായാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
തിങ്കളാഴ്ച വൈകീട്ട് തൗബാല്‍ ജില്ലയിലെ ലിലോങ് ചിങ്ജാവോയില്‍ വാഹനങ്ങളിലെത്തിയ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള പ്രദേശത്ത് നടന്ന വെടിവെപ്പില്‍ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.
പ്രകോപിതരായ ജനം അക്രമികളെത്തിയ നാലു വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. നാലു പേര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് ലിലോങ് എം.എല്‍.എ അബ്ദുല്‍ നാസറും മുഖ്യമന്ത്രി ബിരേൻ സിങ്ങും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പു വരുത്തുമെന്നും ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.