മണിപ്പൂരിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

Breaking National

ദില്ലി: മണിപ്പൂരിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ കൊല്ലാൻ പോകുകയാണെന്ന് ഒരു സ്ത്രീ ഫോണിൽ വിളിച്ച് പറഞ്ഞതായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. അതേസമയം, മിസോറമില്‍ സംഘർഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്.

മെയ് അഞ്ചിനാണ് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ കേസിലാണ് യുവതികളിലൊരാളുടെ അമ്മ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. മണിപ്പൂരില്‍ വ്യാപകം ആക്രമണം നടക്കുമ്പോള്‍ ഭയന്ന് മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഒരു സ്തീയായിരുന്നു. മകളെ ജീവനോടെ വേണോയെന്ന് ഫോണിലൂടെ സ്ത്രീ ചോദിച്ചു. പിന്നീട് തന്‍റെ മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിവരമാണ് അറിഞ്ഞതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം ഇപ്പോഴും കുടുംബത്തിന് കൈമാറിയിട്ടില്ല. രണ്ട് മൃതദേഹവും ഇംഫാലിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും മകള്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

തോബാലില്‍ രണ്ട് സ്തീകളെ നഗ്നരാക്കി നടത്തി അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത അതേ ദിവസമാണ് ഈ സംഭവവും ഉണ്ടായത്. കേസില്‍ ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സംഘ‌ർഷ സാഹചര്യം നിലനില്‍ക്കുന്ന മിസോറാമില്‍ നിന്ന് മെയ്ത്തെയ് വിഭാഗത്തിന്‍റെ പലായാനം തുടരുകയാണ്. ഒരു വിഭാഗം മെയ്ത്തെയ് വിഭാഗക്കാർ മണിപ്പൂരിലേക്കും ഒരു വിഭാഗം അസമിലേക്കുമാണ് മാറുന്നത്. ഇന്നലെ മാത്രം 68 പേർ മിസോറാമിൽ നിന്ന് ഇംഫാലിലെത്തിയതാണ് കണക്ക്. 41 പേർ മിസോറാമിൽ നിന്ന് അസമിലേക്കും എത്തിയിട്ടുണ്ട്. സംഘർഷമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മിസോറാമിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മെയ്ത്തെയ് വിഭാഗക്കാർ മിസോറാമില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് മുന്‍ വിഘടനവാദ സംഘമായ പാംറ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *