ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരിയായ ഇംഫാലിന് സമീപം അഞ്ച് വീടുകള്‍ക്ക് തീയിട്ടതായാണ് വിവരം. സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് സംഭവസ്ഥലത്ത് തമ്ബടിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ കുക്കികള്‍ക്ക് പ്രത്യേക ഭരണം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹില്‍ ഏരിയാ കമ്മിറ്റികള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കാം. എന്നാല്‍ പ്രത്യേക ഭരണകൂടമെന്ന കുക്കി സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥവയ്ക്ക് അയവില്ലാതെ വന്നതോടെ ആയിരക്കണക്കിന് സാധാരണക്കാരാണ് മൂന്ന് മാസത്തിലേറെയായി താത്ക്കാലിക ദുരിതാശ്വാസ ക്യാമ്ബുകളില്‍ തുടരുന്നത്. ഇവരില്‍ പലരും തിരികെ തങ്ങളുടെ ഭവനങ്ങളിലേയ്ക്കുള്ള ആവശ്യമാണുന്നയിക്കുന്നത്.
കലാപബാധിത പ്രദേശങ്ങളിലെ ഭവനങ്ങള്‍ പുനര്‍ നിര്‍മിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴ്‌വാക്കാണെന്ന് ഐഡിയല്‍ ഗേള്‍സ് കോളേജിലായുള്ള തോങ്ജു ദുരിതാശ്വാസ ക്യാമ്ബില്‍ അഭയം പ്രാപിച്ചവര്‍ മാദ്ധ്യമങ്ങളെ അറിയിച്ചത്. സര്‍ക്കാര്‍ വാക്ക് പാലിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തങ്ങളുടെ ഭവനങ്ങളിലേയ്ക്ക് തിരികെ പോകണമെന്നാണ് ഇവരില്‍ ഭൂരിഭാഗം പേരുടെയും ആവശ്യം. അല്ലാത്തപക്ഷം വീടും സ്വത്തുവകകളും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് ആശങ്ക. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്ക് മാറാനും ഇവര്‍ വിമുഖത പ്രകടിപ്പിക്കുന്നു.