കണ്ണൂർ: ഉളിക്കലിലെ ജോസ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണം. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ആന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു.