തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തീയറ്ററിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് മൂന്ന് പേരെ വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റില്‍.കടപ്ര വളഞ്ഞവട്ടം കൂരാലില്‍ വീട്ടില്‍ നിഷാദ്( കൊച്ചുമോൻ -35) ആണ് പിടിയിലായത്. പുളിക്കീഴ് പൊലീസാണ് പിടികൂടിയത്. കടപ്ര ഗ്രാൻഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസില്‍ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ തിയറ്റര്‍ ജീവനക്കാര്‍ ചേര്‍ന്ന് ഇരു സംഘങ്ങളെയും തിയേറ്ററില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന്, പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പോയ പരുമല സ്വദേശികളെ പിന്തുടര്‍ന്ന നിഷാദും കൂട്ടുപ്രതി ചെങ്ങന്നൂര്‍ പാണ്ടനാട് നോര്‍ത്ത് മുറിയായിക്കരയില്‍ കൂട്ടുമ്മത്തറ വീട്ടില്‍ ശ്രുതീഷും ചേര്‍ന്ന് മൂവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് എത്തും മുമ്ബ് ഇവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ടിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ ശ്രുതീഷിനെയും ചെങ്ങന്നൂരിലെ ലോഡ്ജില്‍ ഒളിത്താവളം ഒരുക്കി നല്‍കിയ ചെങ്ങന്നൂര്‍ സ്വദേശി സുജിത്ത് കൃഷ്ണനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെട്ട നിഷാദിനെ വളഞ്ഞവട്ടത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലിജു ഉമ്മനുമായി ചേര്‍ന്ന് 2006 മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടത്തിയ കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളില്‍ പത്തോളം വധശ്രമ കേസും, രണ്ട് പോക്സോ കേസുകളും, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറിയും അടക്കം 25 ഓളം ക്രിമിനല്‍ കേസുകളിലും പ്രതിയാണ് പിടിയിലായ നിഷാദെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.