മമ്മൂട്ടി ജ്യോതിക ചിത്രം ‘കാതൽ’ പ്രദർശനത്തിന്

Kerala

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ജ്യോതിക ചിത്രം ‘കാതൽ:ദ കോർ’ ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയില്‍ പ്രദർശനത്തിന് എത്തുന്നു. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന കാതലിന്റെ സംവിധാനം ജിയോ ബേബി ആണ്. ചലച്ചിത്ര മേള മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങൾ ആണ് അവ.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് കാതലിനൊപ്പം സിനിമാ ടുഡേ വിഭാ​ഗത്തിൽ പ്ര​ദർശിപ്പിക്കുന്ന മറ്റ് സിനിമകൾ. 28മത് കേരള ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ നടക്കും. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ നന്‍പകല്‍ നേരത്ത് മയക്കവും മമ്മൂട്ടിയുടേതായി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന മലയാള ചിത്രാണ് കാതല്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം സാലു കെ തോമസ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് മാത്യൂസ് പുളിക്കൻ ആണ്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിച്ചിരിക്കുന്നത്.

അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആണ്. അസീസ്‍ നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയ രാഘവന്‍, റോണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *