കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയാക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യുവ ഡോക്ടർക്ക് നീതിയുറപ്പാക്കുന്നതല്ല പ്രതിഷേധക്കാരുടെ ലക്ഷ്യം മറിച്ച് തന്നെ മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്താക്കുകയാണെന്നും മമത ആരോപിച്ചു. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണ്. മുഖ്യമന്ത്രി കസേരയല്ല മറിച്ച് ജനങ്ങൾക്ക് നീതി ലഭിക്കുകയാണ് ആവശ്യം. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണം. ഒപ്പം ജനങ്ങൾക്ക് കൃത്യമായ പരിചരണവും ലഭിക്കണം’, മമത പറഞ്ഞു. യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു. എന്നാൽ തത്സമയ സംപ്രേക്ഷണം നടത്തണം എന്നതുൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.