തിരുവനന്തപുരം: ബൈക്കുകളുടെ രൂപംമാറ്റുകയും അഭ്യാസം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പൊലീസും എം.വി.ഡിയും ചേർന്ന് പൊക്കിത്തുടങ്ങി. 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. ഏഴു പേർക്കെതിരെ കേസെടുത്തു. 30 പേരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തു. 3,59,250 രൂപ പിഴയായി ഈടാക്കി.
പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ട്രാഫിക്കിന്റെ ചുമതലയുള്ള ഐ.ജി ജി.സ്പർജൻ കുമാറിന്റെ നിർദ്ദേശ പ്രകാരം ട്രാഫിക് ആൻഡ് റോഡ് സേഫ്ടി സെൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്.
ദക്ഷിണ മേഖലാ ട്രാഫിക് എസ്.പി ജോൺസൺ ചാൾസ്, ഉത്തരമേഖലാ ട്രാഫിക് എസ്.പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. നിയമലംഘനങ്ങൾ പൊലീസിന്റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099ലേക്ക് അയയ്ക്കാവുന്നതാണ്.