ഡല്‍ഹി: തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്. 2023 ഡിസംബറില്‍ ലോക്സഭയില്‍ നിന്ന് മഹുവ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് ടിഎംസി നേതാവിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്തുകൊണ്ടാണ് അവര്‍ സര്‍ക്കാര്‍ വസതി ഒഴിയാത്തതെന്ന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 8 ന് ഡിഒഇ നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 12ന് മറ്റൊരു നോട്ടീസും അയച്ചിരുന്നു.
ജനുവരി 4 ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച ടിഎംസി നേതാവിനോട് സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡിഒഇയെ സമീപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അസാധാരണമായ സാഹചര്യങ്ങളില്‍ ആറ് മാസം വരെ സര്‍ക്കാര്‍ വസതിയില്‍ ഒരു താമസക്കാരനെ താമസിക്കാന്‍ നിയമങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സുബ്രമണ്യന്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.