മഹാരാഷ്ട്രയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 500 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റില്‍

National

മുംബൈ: മഹാരാഷ്‌ട്രയില്‍ ഗുജറാത്ത് പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട. മഹാരാഷ്‌ട്രയിലെ സംഭാജി നഗര്‍(ഔറംഗബാദ്) ജില്ലയില്‍ നിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആര്‍ഐ) ചേര്‍ന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്.500 കോടി രൂപയുടെ മയക്കുമരുന്നാണ് കണ്ടെടുത്തത്.

200 കോടി രൂപയുടെ മയക്കുമരുന്നും മയക്കുമരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 300 കോടി രൂപയുടെ അസംസ്കൃത വസ്തുക്കളുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൊക്കെയ്ൻ, കെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഓപ്പറേഷനില്‍ മൂന്ന് പേരെയും ഏജൻസികള്‍ അറസ്റ്റ് ചെയ്തു.

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മറ്റൊരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭാജി നഗറിലെ മൂന്ന് ഫാക്ടറികളില്‍ മയക്കുമരുന്ന് നിര്‍മ്മിച്ചതായി അറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഏജൻസികളുടെ പരിശോധന. വിവരമറിഞ്ഞ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെയും ഡിആര്‍ഐയുടെയും സംയുക്ത സംഘം സംഭാജി നഗറിലെ വ്യവസായ മേഖലയിലുള്ള ഫാക്ടറികളില്‍ റെയ്ഡ് നടത്തുകയായിരുന്നു. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്ന് കണ്ടെത്താൻ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *