മഹാരാഷ്ട്ര: പുതുവത്സര ആഘോഷത്തിനായി താനെയില്‍ റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത 95 പേരെ പൊലീസ് പിടികൂടി.വിദ്യാര്‍ത്ഥികളും കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവരടക്കമുള്ളവരാണ് പിടിയിലായത്. ഇവരില്‍ 5 പേര്‍ പെണ്‍കുട്ടികളാണ്. പാര്‍ട്ടി സംഘടിപ്പിച്ച രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
താനെയിലെ ഗോഡ്ബന്ദര്‍ റോഡിലായിരുന്നു റേവ് പാര്‍ട്ടി. തേജസ് കുബാല്‍ (23), സുജാല്‍ മഹാജൻ (19) എന്നിവരാണ് പാര്‍ട്ടി സംഘടിപ്പിച്ചതിന് പിടിയിലായത്. ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു റെയ്ഡ്.
പൊലീസിന്റെ പരിശോധനയില്‍ മദ്യം, കഞ്ചാവ്, മറ്റു മാരക ലഹരിമരുന്നുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവയ്ക്കു വിപണിയില്‍ 8 ലക്ഷം മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നതെന്നു പൊലീസ് പറഞ്ഞു.
പിടിയിലായവരെ വൈദ്യപരിശോധന നടത്തുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ തുടരുകയാണ്. പിടിയിലായ യുവാക്കളില്‍ ഭൂരിഭാഗവും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ 21 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.