നാഗ്പൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതില്‍ മനം നൊന്ത് പതിനാറുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്.നഗരത്തിലെ ഹിംഗന പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗ്ലി ഗ്രാമത്തില്‍ നിന്നുള്ള 16 കാരിയാണ് കഴിഞ്ഞ ദിവസം വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോലം സമയം ചെലവഴിച്ചിരുന്നു. പഠനത്തില്‍ പിന്നാക്കം വന്നതോടെയാണ് മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതെന്നാണ് കുടുംബ പറയുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടി ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പതിവായി. ഇതോടെ പഠനത്തില്‍ പിന്നാക്കം വന്നു. പഠനത്തിലെ ഉഴപ്പ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവ് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവന്നു. പക്ഷേ പെണ്‍കുട്ടി വീട്ടുകാരറിയാതെ ഫോണ്‍ ഉപയോഗിച്ച് തുടങ്ങി. ഇതോടെ പിതാവ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു.
എന്നാല്‍ ഈ തീരുമാനത്തോടെ പെണ്‍കുട്ടി നിരാശയായി. ആരും മൊബൈല്‍ ഫോണ്‍ കൊടുക്കാഞ്ഞതോടെ പെണ്‍കുട്ടി അസ്വസ്ഥയായെന്നും മുറിയില്‍ കയഖറി വാതിലടച്ച ശേഷം സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയുമായിരുന്നു. പഠനം മുന്നില്‍കണ്ട് പിതാവെടുത്ത തീരുമാനം വലിയ ദുരന്തത്തിലേക്കാണ് എത്തിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഹിംഗ്ന പൊലീസ് അറിയിച്ചു.