മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം. വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ഓരോ അസംബ്ലി മണ്ഡലത്തിലേയും തെരഞ്ഞെടുത്ത അഞ്ച് പോളിങ് സ്റ്റേഷനുകളില്‍ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് നിരീക്ഷകര്‍ക്കും സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും മുന്നില്‍ എണ്ണിയതായി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ച നിയമങ്ങള്‍ അനുസരിച്ച് തന്നെയാണ് വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് ചെയ്തത്. ഇവിഎമ്മിലെ നമ്പറുകളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോ എന്നു നിര്‍ബന്ധമായി ഉറുപ്പ് വരുത്തണമെന്നും നിയമത്തിലുണ്ട്. ഇതും കൃത്യമായി പാലിച്ചതായി കമ്മീഷന്‍ വിശദീകരിച്ചു. 288 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 1440 വിവിപാറ്റ് യൂണിറ്റുകളുടെ സ്ലിപ്പ് കൗണ്ട് അതത് കണ്‍ട്രോള്‍ യൂണിറ്റ് ഡാറ്റയുമായി ഒത്തു നോക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലയില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിപാറ്റ് സ്ലിപ്പ് എണ്ണവും ഇവിഎം കണ്‍ട്രോള്‍ യൂണിറ്റിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടൊന്നും കണ്ടെത്തിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.