മുംബൈ: മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു. ഏഴു രോഗികള്‍ കൂടി മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും.ഇതോടെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി. അതേസമയം രോഗികളുടെ കൂട്ടമരണങ്ങള്‍ക്ക് പിന്നില്‍ മെഡിക്കല്‍ നെഗ്‌ളിജന്‍സ് ആണെന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി.
കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രി വൈകി ഏഴു രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി.
മരിച്ച 31 രോഗികളില്‍ 16 പേര്‍ കുട്ടികളാണ്. അവശ്യമരുന്നുകളുടെ അഭാവമാണ് രോഗികളുടെ മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മരണ സംഖ്യ വര്‍ധിച്ചതോടെ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് അധികൃതര്‍.
മരുന്നുക്ഷാമം ഇല്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ അവകാശവാദം. മരുന്നുകളുടെയോ ഡോക്ടര്‍മാരുടെയോ ക്ഷാമമില്ല. ആശുപത്രിയില്‍ എത്തിയ രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. മെഡിക്കല്‍ നെഗ്‌ളിജന്‍സ് ഉണ്ടായിട്ടില്ല.