മധ്യപ്രദേശ്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കോമ്പസ് ഉപയോഗിച്ച് ആക്രമിച്ച് സഹപാഠികള്‍. വിദ്യാര്‍ത്ഥിക്ക് 108 തവണ കുത്തേറ്റു. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെയായിരുന്നു ആക്രമണം.
നവംബര്‍ 24ന് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ഉച്ചയ്ക്ക് കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ സഹപാഠികള്‍ ജ്യാമിതി കോമ്പസ് ഉപയോഗിച്ച് 108 തവണ കുത്തുകയായിരുന്നു. മകന് കരഞ്ഞാണ് വീട്ടിലെത്തിയത്. മകന്റെ ശരീരത്തില്‍ നിറയെ മുറിവുകളും പാടുകളുമുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
എന്തുകൊണ്ടാണ് സഹപാഠികള്‍ മകനോട് ഇത്ര ക്രൂരമായി പെരുമാറിയതെന്നറിയില്ല. ക്ലാസ് മുറിയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്കാന് സ്കൂള്‍ മാനേജ്മെന്റ് തയാറായില്ല. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും പിതാവ് പറഞ്ഞു.
സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇടപെട്ടു. സംഭവത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് അധ്യക്ഷ പല്ലവി പോര്‍വാള്‍ ആവശ്യപ്പെട്ടു. എല്ലാ കുട്ടികളും 10 വയസിന് താഴെയുള്ളവരാണ്. നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വിവേക് സിംഗ് ചൗഹാന് പറഞ്ഞു.