മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കുന്നതിനും മസ്ജിദ് നീക്കം ചെയ്യുന്നതിനുമുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേ വിഷയത്തില്‍ നിരവധി ഹർജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ഏത് നിയമനിർമ്മാണത്തിന്റെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹർജിക്കാരന് പ്രത്യേക ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹെക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.